ചെന്നൈയിലെ റോയപ്പെട്ടയില്‍ നിന്ന് വളരെയടുത്താണ് ട്രിപ്ലിക്കേഷന്‍.
ഒരിയ്ക്കല്‍ ഗള്‍ഫ് പര്യടനം കഴിഞ്ഞുവന്ന കാലമായിരുന്നു അത്.
അവിടത്തെ ഒരു ഇടുങ്ങിയ തെരുവിലെ മലയാളി ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം മാളയും ഞാനും(രാജേന്ദ്ര ബാബു) സ്വാമീസ് ലോഡ്ജിലെ മുറിയില്‍ വെടിപറഞ്ഞിരിക്കുമ്പോള്‍ വെള്ളമുണ്ടും അരക്കൈയന്‍ വെള്ള ഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരന്‍ മുറിയില്‍ കടന്നുവന്നിരുന്നു.
അപ്പോഴും ഞങ്ങള്‍ തമാശകള്‍ പൊട്ടിച്ച് ചിരിച്ചുകൊണ്ടിരുന്നു.
ഇതിനിടയില്‍ ഞാന്‍ മേശപ്പുറത്ത് ഊരിവച്ചിരുന്ന റേബാന്‍ സണ്‍ഗ്ലാസ് ചെറുപ്പക്കാരന്‍ എടുത്ത് അയാളുടെ മുഖത്തുവച്ചത് എനിക്കു തീരെ രസിച്ചില്ല.
‘ഇതുപോലൊന്ന് എനിക്കുമുണ്ടായിരുന്നു. താഴെ വീണ് ഉടഞ്ഞുപോയി.’
എന്നു പറഞ്ഞ് ചിരിച്ചുകൊണ്ട് അയാള്‍ ഗ്ലാസ് ഊരി മുണ്ടില്‍ തുടച്ച് മേശപ്പുറത്തു വച്ചു.
എന്റെ മുഖഭാവം ശ്രദ്ധിച്ച മാള എന്നോടു ചോദിച്ചു:
‘ആളെ മനസ്സിലായില്ല അല്ലേ? പുതിയ നടനാണ്. ഒരു പടം ചെയ്തതു ഹിറ്റ്. മിടുക്കനാണ്, പ്രതീക്ഷ അര്‍പ്പിക്കാവുന്ന നടന്‍.’
‘എന്താ പേര്?’ തികഞ്ഞ നിസ്സംഗതയോടെ ഞാന്‍ ചോദിച്ചു.
അല്‍പം നാണത്തോടെ അയാള്‍ മറുപടി പറഞ്ഞു, ‘മോഹന്‍ലാല്‍.’

(കോടമ്പാക്കം കുറിപ്പുകള്‍ – എസ്. രാജേന്ദ്ര ബാബു)