പ്രധാനമന്ത്രിയോടൊപ്പം വിദേശപര്യടനത്തിനു പോകാനുള്ള പ്രത്യേക ഭാഗ്യം സിദ്ധിച്ച ചില മീഡിയപ്രവര്‍ത്തകര്‍ ഉണ്ട്.പ്രോട്ടോക്കോളിന്റെ ചില നിയന്ത്രണങ്ങളുണ്ടെങ്കിലും സംഭവം പൊതുവെ രാജകീയമാണ്.
വിദേശപര്യടനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പ്രധാനമന്ത്രി വിമാനത്തില്‍ നടത്തുന്ന പത്രസമ്മേളനത്തിന്റെ വാര്‍ത്തയുടെ ഡേറ്റ് ലൈന്‍, ‘പ്രധാനമന്ത്രിയുടെ വിമാനത്തില്‍ നിന്ന്’ എന്നൊക്കെയാണ്.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാമന്ത്രിയായിരിക്കുമ്പോള്‍ ലണ്ടനില്‍ കോമണ്‍വെല്‍ത്ത് രാജ്യത്തലവന്മാരുടെ ഉച്ചകോടി.
ചരിത്രം ഉറങ്ങിക്കിടക്കുന്ന ബക്കിംങ്ഹാം കൊട്ടാരത്തില്‍ ഡിന്നര്‍.
സ്പൂണ്‍ പോലും സ്വര്‍ണത്തില്‍ തീര്‍ത്തത്.
പത്രപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിന്നറില്‍ പങ്കെടുക്കുന്നു.
മുമ്പ് ഗ്രേറ്റ് ബ്രിട്ടന്റെ കീഴിലുണ്ടായിരുന്ന രാജ്യങ്ങളാണ് കോമണ്‍വെല്‍ത്തില്‍ ഉള്ളത്.
ഉച്ചകോടി പ്രമാണിച്ച് അതതു രാജ്യങ്ങളില്‍ നിന്നുള്ള പ്രത്യേക കലാപരിപാടിയും ഉണ്ടായിരുന്നു.
കലാസ്വാദകനായ നെഹ്‌റു അവ സാകൂതം വീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുകയായിരുന്നു.
ചിലതില്‍ പങ്കെടുക്കുകയും ചെയ്തു.
എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് പൊടുന്നനവെ നെഹ്‌റു ഒരു കലാപരിപാടി അവതരിപ്പിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നു.
‘ഞാന്‍ മാജിക്കിന്റെ നാട്ടില്‍നിന്നാണു വരുന്നത്. അതുകൊണ്ട് ഒരു മാജിക് അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.’ അദ്ദേഹം പറഞ്ഞു.
എല്ലാവരും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.
അദ്ദേഹം ഒരു സ്വര്‍ണ സ്പൂണ്‍ എടുത്തുയര്‍ത്തി.
ഇതാ ഈ സ്പൂണ്‍ ഇപ്പോള്‍ അപ്രത്യക്ഷമാകുകയാണ് എന്നു പറഞ്ഞ് അദ്ദേഹം അത് വിദഗ്ദ്ധമായി ഒളിപ്പിച്ചു.
എന്നിട്ട് അദ്ദേഹം ഒരു പത്രപ്രവര്‍ത്തകന്റെ പോക്കറ്റില്‍ നിന്ന ഒരു സ്പൂണ്‍ മാന്ത്രികനെപ്പോലെ പുറത്തെടുത്ത് ഉയര്‍ത്തിക്കാട്ടി.
നെഹ്‌റുവിന്റെ മാജിക് കണ്ട് എല്ലാവരും കയ്യടിച്ചു. കരഘോഷം മുഴങ്ങുന്നതിനിടയില്‍ നെഹ്‌റു പത്രക്കാരന്റെ ചെവിയില്‍ പറഞ്ഞു.
‘അടുത്ത തവണ അടിച്ചുമാറ്റുമ്പോള്‍ സൂക്ഷിക്കുക. മാജിക് കാണിക്കാന്‍ ഞാന്‍ ഉണ്ടാകണമെന്നില്ല.’
(പാവം ചര്‍ച്ചില്‍ കോമ പോലെ പി.ടി.ചാക്കോ)










