പാര്‍ട്ടിക്കു വളരാനുള്ള അന്നവും ദ്രവ്യവും തന്നവരെ വെറുക്കപ്പെട്ടവനാക്കിയവന്‍ വി.എസ്.
കിളിരൂരില്‍, ഇല്ലാത്ത വിഐപിയെ കണ്ടെത്തിയെന്ന് കളവ് പറഞ്ഞവന്‍ വി.എസ്.
മൂന്നാറിലേക്ക് മൂന്ന പൂച്ചകളെ അയച്ചവന്‍.
മുല്ലപ്പെരിയാറില്‍ ചെന്ന് മുക്രയിട്ടവന്‍.
മാറ്റച്ചുരിക ചോദിച്ചപ്പോള്‍, അത് ബര്‍ലിനു കടം കൊടുത്തെന്നു പറഞ്ഞവന്‍.
ലാവ്‌ലിന്‍ കേസിലെ മുളയാണി തട്ടിക്കളഞ്ഞ് ഇരുമ്പാണി വച്ചവന്‍.
ഇല്ല, മിസ്റ്റര്‍ പ്രകാശ് കാരാട്ട്, ഇനി ഇയാളെ തിരുത്താന്‍ ആര്‍ക്കും കഴിയില്ല.
വളഞ്ഞു വിളഞ്ഞത് നിവര്‍ന്നു വരില്ല.
ദയാവധം കാത്തു കഴിയുന്ന ഈ വൃദ്ധന്റെ കഥ സംസ്ഥാന സമ്മേളനത്തോടെ അവസാനിക്കട്ടെ.
നാളത്തെ കുട്ടികള്‍ക്കു പറഞ്ഞു ചിരിക്കാന്‍ പാണന്മാര്‍ പാടി നടക്കട്ടെ, അച്ചുമാമന്‍ എന്ന ഒറ്റുകാരന്റെ വീരഗാഥകള്‍.
കോടിയേരിയിലും പിണറായിയിലും ഓഞ്ചിയത്തുമുള്ള ചുണക്കുട്ടികള്‍ കരുതിക്കൊള്ളട്ടെ, ഈ അമ്മാവന്‍ ചതിയനായിരുന്നു എന്ന്.
എന്നും തലകുനിച്ച് താടിക്കു കൈയ് കൊടുത്തിരുന്ന അച്യുതാനന്ദന്‍ ഇക്കുറി തലയുയര്‍ത്തി, പതാക ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു അത്.
തുടര്‍ന്ന് പ്രസംഗമായിരുന്നു.
ഇരയാകാന്‍ വിധിക്കപ്പെട്ടവന്റെ വേദന കേട്ടെഴുതാന്‍ നിന്ന മാധ്യമ സിണ്ടിക്കേറ്റുകള്‍ക്ക് ഒന്നും കിട്ടിയില്ല.
ലോകമെമ്പാടുമുള്ള കമ്മ്യൂണിസത്തിന്റെ മുന്നേറ്റത്തെക്കുറിച്ച് വി.എസ്.വാചാലനായി.
പിന്നെ, രക്ത പതാകേ, രക്തപതാകേ ന്നെു നീട്ടിച്ചൊല്ലി പ്രസംഗവേദി വിട്ടു.
മുല്ലപ്പെരിയാറില്‍ കേട്ട കൊല്ലരുതേ, കൊല്ലരുതെ എന്ന ഈണത്തിന്റെ അപകരണമായിരുന്നു കേട്ടതെന്ന് ചില ദുഷ്ടാത്മാക്കള്‍ പറഞ്ഞു പരത്തി.
ഇക്കുറി നുഴഞ്ഞുകയറ്റക്കാര്‍ക്ക് സമ്മേളനവേദിയില്‍ സ്ഥാനമുണ്ടായില്ല.
തിരിച്ചറിയല്‍ കാര്‍ഡ് നോക്കിയേ പ്രതിനിധികള്‍ക്ക് എത്താന്‍ കഴിയുമായിരുന്നുള്ളു.
സഖാക്കളെ തിരിച്ചറിയാന്‍ അതാണ് മാര്‍ഗം.
പണ്ട് ബീഡിയുണ്ടോ സഖാവെ എന്നു ചോദിക്കുമായിരുന്നു.
അപ്പോള്‍ മറ്റേ സഖാവ്, തീപ്പെട്ടിയുണ്ടോ സഖാവെ ഒരു ബീഡിയെടുക്കാന്‍ എന്ന പ്രത്യഭിവാദ്യം ചെയ്യും.
അതോടെ സഖാക്കള്‍ ഒന്നാകും.
കഴിഞ്ഞ സമ്മേളനകാലത്ത് ബോണ്ടുണ്ടോ സഖാവെ, എന്നു ചോദിച്ചപ്പോള്‍, ലോട്ടറിയുണ്ടോ സഖാവെ ഒരു കിഡ്‌നിയെടുക്കാന്‍ എന്നതായിരുന്നു കോഡു ഭാഷ.
ഈ ഭാഷ ഒളിഞ്ഞുനിന്നു കേട്ട നയവഞ്ചകന്‍ അങ്ങനെ ഒറ്റുകാരനായി.
പെടുക്കാന്‍ മുട്ടുന്നു എന്നു പറഞ്ഞ് ഇറങ്ങിപ്പോയിയാണ് വാര്‍ത്ത ചോര്‍ത്തിയത്.
ഇക്കുറി പെടുക്കാന്‍മുട്ടികള്‍ക്ക് തോള്‍സഞ്ചിയിലൊളിപ്പിക്കാവുന്ന തരത്തില്‍ യൂറിനറി ബാഗുകള്‍ നല്‍കിയിട്ടുണ്ട്.
മൂത്രം പണ്ടേ മുട്ടിയ വി.എസ്സിനു മാത്രം ബാഗില്ല.
(പൊളിച്ചെഴുത്ത് : അനില്‍ വള്ളിക്കോട്)










