ജനിച്ചതാര്‍ക്കു വേണ്ടിയെന്ന് ചോദിച്ചാല്‍ ജനറല്‍ വി.കെ. സിങ് സംശയമില്ലാതെ പറയും, തനിക്കു വേണ്ടിത്തന്നെ.പക്ഷെ, എന്നാണ് ജനിച്ചതെന്ന് ചോദിച്ചാല്‍ വ്യക്തതയില്ല.
സാധാരണ മക്കളുടെ ജനനത്തീയതി അറിയുക രക്ഷിതാക്കള്‍ക്കാണ്.
അവര്‍ പറയുന്നതാണ് രേഖയാവുക.
പക്ഷെ വി.കെ.സിങ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല.
താന്‍ ജനിച്ചത് 50-ലല്ല, 51-ലാണെന്നായി സിങ്.
അങ്ങനെയായാല്‍ ഒരു വര്‍ഷം കൂടി കരസേനാ തലവനായി വിരാജിക്കാം.
കനത്ത ശമ്പളവും പിന്നീട് ഇരട്ടി പെന്‍ഷനും വാങ്ങാം.
ഇതൊക്കെയായിരുന്നു സിങ്ങിന്റെ ചിന്ത.
ഒടുവില്‍ സുപ്രീം കോടതി വി.കെ.സിങ്ങിന്റെ ജനനത്തീയതി മാത്രമല്ല, ജാതകവും ഗണിച്ചു പറഞ്ഞു.
1950 മെയ് പത്തിനാണ് സിങ് ഭൂജാതനായതെന്ന് കോടതി ഗണിച്ചറിഞ്ഞു.
എന്നു കരുതി ജനറല്‍ സിങ്ങിന്റെ അഭിമാനവും സത്യസന്ധതയും അങ്ങനെ തന്നെയിരിക്കട്ടെയെന്നും കോടതി വിധിച്ചു.
ഇതോടെ ഈ വര്‍ഷം മെയ് 31-ന് ജനറല്‍ സിങ് കരസേനാ തലവന്‍ പദവി ഒഴിയണം.
അഭിമാനം കൂടിപ്പോയതു കാരണം അതിനു മുമ്പു തന്നെ ജനറല്‍ പദവി ഒഴിയാനും ഇടയുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നു.
അങ്ങനെ ഇട്ടെറിഞ്ഞ് പോകുന്ന ആളല്ല വി.കെ.സിങ്ങെന്ന് പിന്നീട് മനസ്സിലായി.
ആനപ്പുറത്ത് കയറിയാല്‍പ്പിന്നെ ആര്‍ക്കാണ് ഇറങ്ങാന്‍ ഇഷ്ടം?
പാര്‍ട്ടി സെക്രട്ടറിയായാലും പഞ്ചായത്ത് പ്രസിഡന്റായാലും ഇതുതന്നെയാണ് രീതി.
പിന്നല്ലേ കരസേനാ തലവന്‍!
കഴിഞ്ഞ 351 വര്‍ഷം കൊണ്ട് കരസേനയെ സേവിച്ചിട്ടും മതിയാകുന്നില്ല.
മെയ് 31-ന് വി.കെ.സിങ് സ്ഥാനമൊഴിയുന്ന പക്ഷം, കിഴക്കന്‍ ആര്‍മി കമാന്‍ഡര്‍ ജനറല്‍ വിക്രം സിങ്ങാണ് അടുത്ത കരസേനാ തലവന്‍.
പാവം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.
അതിനിടയിലാണ് ജനറല്‍ സിങ് ജനനത്തീയതി വെട്ടിച്ച് സര്‍വ്വീസ് നീട്ടാന്‍ ശ്രമം നടത്തിത്തുടങ്ങിയത്.
സ്വന്തം ജനനത്തീയതിയെപ്പറ്റി യാതൊരു വ്യക്തതയുമില്ലാത്ത ഒരു ജനറലാണ് നമ്മുടെ കരസേനയെ ഇത്രയും കാലം നയിച്ചത്.
ഒരു വര്‍ഷം മുമ്പെ ജനിച്ചു പോയതില്‍ വല്ലാതെ വേദനിക്കുകയാണ് സിങ്.
ഇതാണ് ജനനത്തിന്റെ ഒരു കുഴപ്പം.
ഒരു വര്‍ഷം മുമ്പെ ജനിക്കാന്‍ കഴിയില്ല, മരണം എപ്പോള്‍ വേണമെന്ന് നമുക്ക് തിരഞ്ഞെടുക്കാം.
പ്രതിരോധ മന്ത്രാലയവും സര്‍ക്കാരും കൈവിട്ടിട്ടും, സുപ്രീം കോടതിയെ സമീപിച്ച് സര്‍വ്വീസ് നീട്ടാനുളള സിങ്ങിന്റെ വെപ്രാളം സേനയോടുള്ള പ്രതിബദ്ധത കൊണ്ടായിരുന്നില്ല.
പണത്തോടുള്ള ആര്‍ത്തിയും, അധികാരത്തോടുള്ള കൊതിയും.
സേനയുടെ പടിയിറങ്ങിയാലും സിങ്ങിന് ഉറക്കമുണ്ടാകില്ല.
ഈ കാലാവധി തീരും വരെ വിനോദയാത്രയാണ്.
14 മുതല്‍ 17 വരെ ബ്രിട്ടീഷ് സര്‍ക്കാരും സൈനികരുമായി ചര്‍ച്ച.
എന്തൊക്കെ പ്രതിരോധ രഹസ്യങ്ങളാകുമോ ബ്രിട്ടീഷ് സൈന്യത്തിന് ഒറ്റിക്കൊടുക്കുക.
ഇറങ്ങും മുമ്പെ ഒരാപ്പടിക്കാന്‍ തീരുമാനിച്ചാല്‍ എന്തു ചെയ്യും?
സര്‍ക്കാരിനെതിരെ കോടതി കയറിയ ജനറല്‍ സിങ്ങിനെ പിടിച്ചിറക്കി വിടാന്‍ പ്രതിരോധ വകുപ്പിന് കഴിയുന്നുമില്ല.
(പൊളിച്ചെഴുത്ത് : അനില്‍ വള്ളിക്കോട്)









