കൂറിന്റെ കാര്യത്തില്‍ ശരച്ചന്ദ്രപ്രസാദിനെ വെല്ലാന്‍ മറ്റൊരാളില്ല.
കരുണാകരന്റെ കാലത്ത് കഞ്ഞിപ്പാത്രത്തില്‍ കൈയിട്ടും, ലീഡറുടെ കാലു തിരുമ്മിയുമാണ് ശരച്ചന്ദ്രന്‍ കൂറുകാട്ടിയത്.
പത്മജ പൊങ്കാലയിടാന്‍ ആറ്റുകാലില്‍ േേപാകുമ്പോള്‍ ചൂട്ടും കൊതുമ്പും കീറിക്കൊടുത്ത് പിന്നില്‍ നില്‍ക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം.
അന്നൊക്കെ കെ.മുരളീധരന്‍ പച്ചക്കുതിരയിലെ ദിലീപിനെപ്പോലെ തുപ്പലൊലിപ്പിച്ചു കഴിയുന്ന കാലമായിരുന്നു.
അങ്ങനെ തന്നെ കഴിഞ്ഞോളുമെന്നായിരുന്നു ശരച്ചന്ദ്രപ്രസാദും മറ്റും കരുതിയത്.
ലീഡറുടെ സ്വന്തം ശിഷ്യനെന്ന ബഹുമതിയോടെ പ്രസാദ് ചില്ലറ അച്ചാരങ്ങളൊക്കെ തരപ്പെടുത്തി.
പതിയെ മുരളീധരനെന്ന പച്ചക്കുതിര കളത്തിലിറങ്ങിത്തുടങ്ങി.
മകന്റെ വരവോടെ ശരച്ചന്ദ്രപ്രസാദിന് നിറം മങ്ങി.
പിന്നീടുണ്ടായ രാഷ്ട്രീയ മാറ്റങ്ങളുടെ ഫലമായാണ് ശരച്ചന്ദ്രപ്രസാദിനും രാജ് മോഹന്‍ ഉണ്ണിത്താനും ഉടുമുണ്ട് നഷ്ടമായത്.
മുണ്ടൂരാനായി കാണാമറയത്തു നിന്നു കെ.മുരളീധരന്‍ ആയിരുന്നു പണി പറ്റിച്ചത്.
2004-ല്‍ പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തിനു മുമ്പിലായിരുന്നു സംഭവം.
ഉടുമുണ്ടു പോയ ഇരുവരും കാറിനുള്ളിലിരുന്ന് തേങ്ങി.
മുരളീധരനാണ് മുണ്ടു പറിക്കാന്‍ ആളെ വിട്ടതെന്നായിരുന്നു ഉണ്ണിത്താന്‍ പറഞ്ഞത്.
അതിനു ശേഷം ഏതു നിമിഷവും മുണ്ടു പോകാവുന്ന അവസ്ഥ വന്നതോടെ ഇരുവരും ഖദറിനടിയില്‍ പാന്റിട്ടു തുടങ്ങി.
30 പ്രതികളുണ്ടായിരുന്ന കേസില്‍ മുരളീധരന്‍ ഒഴിവായി.
ഈ കേസിലാണിപ്പോള്‍ ശരച്ചന്ദ്രന്റെ കൂറുമാറ്റം.
നാലാളുടെ മുമ്പില്‍ ഉടുമുണ്ടല്ല, കൗപീനം അഴിഞ്ഞു പോയാലും ഒരു കോടതിക്കും പോയ മാനം തിരിച്ചെടുത്തു കൊടുക്കാന്‍ കഴിയില്ല.
തന്റെ മുണ്ടാരും പറിച്ചില്ലെന്നും, കാറ്റടിച്ചു പൊങ്ങിയതാണെന്നുമായിരുന്നു കോടതിയില്‍ ശരച്ചന്ദ്രപ്രസാദ് കൊടുത്ത മൊഴി.
മുതുകത്ത് തൊഴി കിട്ടിയാലും, ഉടുമുണ്ട് പോയാലും നാറിയ കഞ്ഞിപ്പശയില്‍ മുങ്ങിയ കോണ്‍ഗ്രസ് രാഷ്ട്രീയം ഇതിനപ്പുറം ഒന്നുമല്ല.
ഉണ്ണിത്താന്റെ ഉടുമുണ്ട് പിന്നേയും ഉരിയപ്പെട്ടത് നമ്മള്‍ കണ്ടതാണ്.
അന്നൊരു കുട്ടിയോടൊപ്പം രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ നാട്ടുകാര്‍ ഉടുമുണ്ട് അഴിക്കുകയായിരുന്നു.
28-നാണ് ഉണ്ണിത്താന്‍ കോടതിയില്‍ ചെല്ലേണ്ടത്.
ഞാന്‍ മുണ്ടുടുക്കുന്ന ആളേ അല്ല, എസ്, യുവര്‍ ഓണര്‍, പിന്നെങ്ങനെയാണ് പറിക്കുക എന്നായിരിക്കും കോടതിയില്‍ ഉണ്ണിത്താന്റെ പ്രകടനം.
(പൊളിച്ചെഴുത്ത് : അനില്‍ വള്ളിക്കോട്)










