കരണക്കുറ്റി നോക്കി ഒന്നു കൊടുത്തിട്ട്, നിന്റെ അച്ഛനല്ലെങ്കില്‍ തിരിച്ചു തല്ലെടാ, എന്ന് ഗോഡ്ഫാദറായ പിള്ളയ്ക്ക് മകനോട് പറയാന്‍ പറ്റില്ല.കാരണം, രക്തശുദ്ധിയില്‍ അപ്പന് തന്നെ സംശയം തോന്നിയ സാഹചര്യത്തില്‍ തിരിച്ചു തല്ലു കിട്ടിയെന്നു വരും.
അതുകൊണ്ട് മകനെ ഓങ്ങി പ്രൈവറ്റ് സെക്രട്ടറിയെ തല്ലേണ്ടി വന്നു പിള്ളയ്ക്ക്.
നെഞ്ചത്ത് ഏണി ചാരി മകന്‍ തലയില്‍ കയറാന്‍ തുടങ്ങിയതോടെയാണ് പിള്ള കോപിഷ്ടനായി തുടങ്ങിയത്.
വാളകം മോഡല്‍ ചികിത്സ വല്ലതും അപ്പന്‍ മകനു വിധിക്കുമോ?
മകന്‍ മരപ്പാവയെ നിര്‍മ്മിച്ച് പിള്ളത്തച്ചന്റെ കഴുത്തു പൂളുമോ എന്നൊക്കെ വൈകാതെ അറിയാം.
കോലഞ്ചേരി പള്ളി പ്രശ്‌നത്തേക്കാള്‍ കടുത്തതാണിപ്പോള്‍ ചാണ്ടിക്ക് പിള്ളപ്രശ്‌നം.
പിറവം കൂടി കടന്നു കിട്ടിയാലേ ചാണ്ടിക്കിനി വിശ്രമമുള്ളു.
അതിനിടയിലാണ് ഈ പൊല്ലാപ്പ്.
പിള്ളയുടെ അടുത്ത ബന്ധുവായ ശരണ്യ മനോജിന്റെ ബസ്സുകള്‍ക്കു നേരെയാണിപ്പോള്‍ ഗണേശ് ഫാന്‍സുകാര്‍ കലി തീര്‍ക്കുന്നത്.
അപ്പന്റെ അസ്മാദികളെ മകന്റെ പാര്‍ട്ടിക്കാരും, മകന്റെ ശിങ്കിടികളെ ്പിള്ളേച്ചന്‍ നേരിട്ടും കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഞാനൊരു മന്ത്രി മാത്രമല്ല, മകനാണ്, മരക്കഷ്ണമല്ല, എന്നൊക്കെ പറഞ്ഞ് ചാനലുകളില്‍ കണ്ണുനിറച്ച ഗണേശ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച അഭിനയപ്രതിഭയായിരുന്നു.
അടുപ്പിച്ചാല്‍ അപ്പന്‍ തന്റെ മന്ത്രിക്കസേരയില്‍ കയറിയിരുന്ന് ആജ്ഞാപിക്കുമെന്ന് ഗണേശിനറിയാം.
ഒരര്‍ത്ഥത്തില്‍ ഗണേശ് അച്യുതാനന്ദനെ കാമഭ്രാന്തനാക്കുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്.
കാണപ്പെട്ട ദൈവമായി പൂജിക്കണമായിരുന്നു.
രാഷ്ട്രീയത്തില്‍ അച്ഛന്റെ കഴുത്തുളുക്കിയ സംഭവമായിരുന്നല്ലൊ ഇടമലാര്‍ കേസ്.
എന്നെ പലരും കേസ് നടത്താന്‍ സഹായിച്ചു, എന്നേ വി.എസ് പറഞ്ഞിട്ടുള്ളു.
അതാരാണെന്ന് പറഞ്ഞിട്ടില്ല.
അത് ഗണേശ് തന്നെയായിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു.
മന്ത്രിയായതോടെ അപ്പന്റെ പാര്‍ട്ടിക്കാരെ കണ്ട മട്ടില്ലെങ്കിലും, ബിജെപിക്കാരനായ സുരേഷ്‌കുമാറിനെ ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡിലും, സ്വന്തക്കാരനായ പ്രിയനെ അക്കാദമിയുടെ തലപ്പത്തും പ്രതിഷ്ഠിക്കാന്‍ ഗണേശന് കഴിഞ്ഞു.
കാട്ടില്‍ കേറി ഒരുണക്ക ചുള്ളി പോയിട്ട് കാട്ടുപന്നിയെപ്പോലും വെടിവയ്ക്കാനുള്ള അവകാശം കേരള കോണ്‍ഗ്രസ്സ് ബിക്കാര്‍ക്കില്ല.
എം.എ.ബേബി മന്ത്രിയായിരുന്നപ്പോള്‍ ചലച്ചിത്രോത്സവത്തിന് പാസ് കൊടുത്തു.
മകനതും ചെയ്തില്ല.
പിള്ളയുടെ രക്തത്തിലിപ്പോള്‍ ഇരുമ്പിന്റെ അംശമല്ല, മകനോടുള്ള പകയുടെ അംശമാണ് കൂടുതല്‍.
മകന്റെ പേരില്‍ ഇരിക്കപ്പിണ്ഡം വയ്ക്കുമോ, അതോ പിന്നിലൂടെ ഇരുമ്പുപാര കേറ്റുമോ എന്ന് ആരറിഞ്ഞു?
(പൊളിച്ചെഴുത്ത് : അനില്‍ വള്ളിക്കോട്)









