പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് ജന്മനാട്ടില്‍ വന്‍ സ്വീകരണം.
സിപിഎം അങ്ങനെ ചരിത്രം ഒന്നൊന്നായി തിരുത്തുകയാണ്.
കഴിഞ്ഞ നാലു തവണ സെക്രട്ടറിയായിട്ടും പിണറായി തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ ഒരു കുട പോലും ആരും പിടിച്ചുകൊടുത്തില്ല.
അങ്ങനെയൊന്നും പ്രവര്‍ത്തകര്‍ ചെയ്തുകൂടാ എന്നാണ് നിയമം.
ഉന്നത സ്ഥാനങ്ങളില്‍ എത്തിയാല്‍പ്പോലും വ്യക്തികേന്ദ്രീകൃതമായ സ്വീകരണം ഒരുക്കാറില്ല.
ആള്‍ദൈവങ്ങളേയും അച്യുതാനന്ദനേയുമൊക്കെ തെറി പറഞ്ഞു നടക്കുകയായിരുന്നു ഇതുവരെ.
വിഗ്രഹങ്ങളെ ആരാധിച്ചുകൂടാ.
എന്നാല്‍ വെറുക്കപ്പെട്ടവരെ ആരാധിക്കാം.
പാദപൂജയും ചെയ്യാം.
ചാനലില്‍ വരുത്തി നല്ല സര്‍ട്ടിഫിക്കറ്റും നല്‍കാം.
തലശ്ശേരിയില്‍ വന്നിറങ്ങിയ പിണറായിയെ ഇത്തവണ പ്രവര്‍ത്തകര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.
ഇതിനൊക്കെയുള്ള സേനയും സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്.
കുട പിടിക്കാനായി നിന്നത് ജയരാജന്മാരില്‍ ഒരുവനായ വെട്ടുകൊണ്ട പുള്ളിയാണ്.
ആനകള്‍ക്കു പകരം മറ്റേ ജയരാജന്മാര്‍ അണി നിരന്നു.
കതിന പൊട്ടിച്ചത് പി.ജയരാജന്റെ മകനാണ്.
വിഷുപ്പടക്കം ഉണ്ടാക്കി കൈ പോയതോടെ കതിനാ രാഷ്ട്രീയത്തിലേക്ക് പയ്യന്‍ പിന്മാറി.
മുമ്പില്‍ രണ്ട് വനിതാ സഖാക്കള്‍ ബാനര്‍ പിടിച്ച് നടന്നു.
അതിലെ വാചകമാണ് ഭീകരം.
ശത്രുവര്‍ഗത്തെ സകല വിഷജന്തുക്കളും വളഞ്ഞു നിന്നു കൊത്തിയിട്ടും, തകര്‍ക്കാനാവാത്ത കമ്മ്യൂണിസ്റ്റ്.
ബാനര്‍ എഴുതിയവന് യാതൊരു വിവരവുമില്ലെന്ന് ആര്‍ക്കാണറിയാത്തത്?
സഖാവെ, കാര്‍ക്കോടകന് വിഷഭയം ഉണ്ടാകുമോ?
കടിച്ച ഞാഞ്ഞൂലുകളൊക്കെ പല്ലൊടിഞ്ഞ് പ്രാകിയിട്ടേയുള്ളു.
കാളസര്‍പ്പ യോഗമുള്ള ഒരു വിഷജന്തു മാത്രമാണ് ഇളകാറായ പല്ലു വച്ച് വല്ലപ്പോഴും ഒന്നു കൊത്തുന്നത്.
ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിജയന്‍ തലശ്ശേരിയിലേക്കു പോയി.
വൈകീട്ട് തലശ്ശേരി ജംഗ്ഷനില്‍ ശ്രീമതി ടീച്ചറുടെ കരകാട്ടം, മയിലാട്ടം എന്നിവ നിശ്ചയിച്ചിരുന്നെങ്കിലും, സംസ്ഥാന സമ്മേളനത്തിലുണ്ടായ ദഹനക്കേടു കാരണം വേണ്ടെന്നു വച്ചു.
ഇപ്പോള്‍ പാര്‍ട്ടിയില്‍ വലിയ നഷ്ടം സംഭവിച്ചിട്ടുള്ളത്, എം.വി.ജയരാജന്റെ മൗനമാണ്.
ചാവേറാകാന്‍ എപ്പോഴും ഒരു ജയരാജന്‍ റെഡിയായി നില്‍ക്കണം.
പിണറായിയുടെ തല വെട്ടി ഒട്ടിച്ച പോസ്റ്ററും പൊക്കിപ്പിടിച്ചാണ് പ്രവര്‍ത്തകര്‍ ആവേശം കാട്ടിയത്.
തെരഞ്ഞെടുപ്പ് കാലത്ത് അച്യുതാനന്ദന്റെ തല ഇതുപോലെ പൊക്കിപ്പിടിച്ചതിനായിരുന്നു സ്ഥാനാര്‍ത്ഥികളെ ശകാരിച്ചത്.
സംസ്ഥാന സമ്മേളനത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ സഖാക്കള്‍ റിലാക്‌സ് ചെയ്യുകയാണ്.
വിജയന്‍ നേരെ വീട്ടിലേക്കു പോയി.
സുന്ദരേശന്‍ കാറെടുത്ത് ഒഴിഞ്ഞയിടത്തേക്കു പോയി.
എം.വി.ജയരാജന്‍ പുസ്തകവായനയിലാണ്.
അച്യുതാനന്ദന്‍ മാത്രം മകനെ വിജിലന്‍സ് വിട്ടയക്കുന്നതും നോക്കി വീട്ടിലിരുപ്പാണ്.
തലശ്ശേരി സ്വീകരണം ഏത് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് സംഘടിപ്പിച്ചതെന്ന് ചന്ദ്രപ്പനോട് തന്നെ ചോദിക്കണം.
(പൊളിച്ചെഴുത്ത് : അനില്‍ വള്ളിക്കോട്)