ഡിജിപി (കള്ളനോട്ട്), എന്നൊരു തസ്തിക കൂടി കേരള സര്‍ക്കാര്‍ (അത് യുഡിഎഫ് ആയാലും എല്‍ഡിഎഫ് ആയാലും) സൃഷ്ടിച്ചെന്നിരിക്കും.
അതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല.
ഇവിടെ വ്യാപിച്ചിരിക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
അതിനായി 5000 രൂപയില്‍ കൂടിയ എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്കു വഴിയാക്കണം.
ദേശസാത്കൃത ബാങ്കുകളുടെ ശാഖകള്‍ ധാരാളം ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നുണ്ട്.
അതുകൊണ്ട് ബാങ്കു വഴി ഇടപാടുകള്‍ നടത്താന്‍ ഒരു പ്രയാസവും ഇല്ല.
കാഷ് ട്രാന്‍സാക്ഷനുകള്‍ തീര്‍ത്തും ഇല്ലാതാക്കണം.
സ്വര്‍ണം, ആഡംബര വസ്തുക്കള്‍, നിര്‍മാണ വസ്തുക്കള്‍, ടെക്‌സ്റ്റൈല്‍സ്, ഭൂമി, വാഹനങ്ങള്‍, എന്നിവയുടെ ഇടപാടുകള്‍ ബാങ്കു വഴി മാത്രമാക്കണം.
ബാങ്കുകാര്‍ ഉപഭോക്താക്കളെ അറിഞ്ഞിരിക്കണമെന്നത് കര്‍ശനമാക്കണം.
സഹകരണ ബാങ്കുകള്‍ക്കും ഇത് ബാധകമാക്കണം.
ജീവനക്കാരുടെ ശമ്പളം, ബത്തകള്‍ എല്ലാം ബാങ്കു വഴിയാക്കണം.
എല്ലാ ബാങ്കുകാര്‍ക്കും ഇന്ന് എടിഎം കാര്‍ഡുണ്ട്.
കടയില്‍ നിന്നുമുള്ള വില്പനകള്‍ ബാങ്കു വഴിയാക്കണം.
ഇത്തരം ഇടപാടുകള്‍ നിരീക്ഷിക്കാന്‍ പോലീസല്ല വേണ്ടത്.
സ്‌റ്റേറ്റ് ബാങ്കുകളിലേയും ദേശസാത്കൃത ബാങ്കുകളിലേയും സമര്‍ത്ഥരായ ഓഫീസര്‍മാരെ കണ്ടുപിടിച്ച് ഈ ജോലി അവരെ ഏല്‍പ്പിക്കണം.
വേണ്ടി വന്നാല്‍ 1000 രൂപ, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കണം.
ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും, രാജ്യത്തെ രക്ഷിക്കാന്‍ ഇത്തരം കര്‍ശന നടപടികള്‍ ആവശ്യമാണ്.
2005 മുതല്‍ കള്ളനോട്ടും കുഴല്‍പ്പണവും കള്ളപ്പണവും ഇവിടെ വ്യാപിച്ചു ഭാരതം ഒരു സമാന്തര സമ്പദ് വ്യവസ്ഥയുടെ പിടിയില്‍ അമര്‍ന്നിട്ടും, ആര്‍ബിഐയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഉറക്കം നടിച്ചു കിടക്കുന്നത് എന്താണെന്ന് അന്വേഷിക്കണം.
കണ്ടെയ്‌നറുകളില്‍ കള്ളനോട്ടു കൊണ്ടുവന്ന് കേരളത്തില്‍ വര്‍ഷിച്ചതു കാണുവാന്‍ നിലവിലുള്ള ഡിജിപിമാരും എഡിജിപിമാരും ഐജിമാരും ഡിഐജിമാരും ഒക്കെ എന്തു ചെയ്യുകയായിരുന്നു എന്നറിയാനും സാധാരണ പൗരന് അവകാശമുണ്ട്.
(പി.വി.ആന്റണി, പുല്ലന്‍)










