സദ്യ നടത്തി ഗ്രാമസഭകളില്‍ ആളെക്കൂട്ടണോ?
ഗ്രാമസഭകളില്‍ പഴയതുപോലെ ആളുകള്‍ കൂടുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് സദ്യ നടത്തി ആളുകളെ കൂട്ടാമെന്ന് സര്‍ക്കാര്‍ തീരുമാനം.
എന്നാല്‍ സദ്യ നടത്തുന്നതുകൊണ്ടും ഗ്രാമസഭകളില്‍ വോട്ടര്‍മാരെല്ലാം വന്നു ചേരണമെന്നില്ല.
റേഷന്‍കാര്‍ഡ് എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ വേര്‍തിരിച്ചു ബിപിഎല്ലില്‍ പെട്ടവര്‍ക്കു മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നു വന്നാല്‍ എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ആരുംതന്നെ ഗ്രാമസഭകളില്‍ വന്നുചേരാനിടയില്ല.
അവര്‍ക്ക് അവിടെ വെറും കാഴ്ച്ചക്കാരും കേഴ്‌വിക്കാരുമായി സമയം വൃഥാ ചെലവഴിച്ചതിനു ശേഷം പിരിഞ്ഞു പോകേണ്ടി വരുന്നു.
വീട് മെയിന്റനന്‍സ്, കന്നുകാലി വളര്‍ത്തല്‍, കിണര്‍കുഴിക്കല്‍, വീടുനിര്‍മ്മാണം തുടങ്ങിയ ഒട്ടനേകം പദ്ധതികള്‍ക്കാണു പഞ്ചായത്തു ഗ്രാമസഭകളില്‍ ഉപഭോക്താക്കള്‍ക്കുവേണ്ടി രൂപം നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇതിനെല്ലാം അപേക്ഷ നല്‍കി അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിലും വീഴ്ച വരുന്നുണ്ട്.
എങ്കിലും, ദാരിദ്ര രേഖാ സെന്‍സസിലെ പിഴവുമൂലം എപിഎല്‍ വിഭാഗത്തില്‍ പെട്ടുപോയ പാവപ്പെട്ടവര്‍ക്ക് അതിന്റെ പേരില്‍ ഒടുവില്‍ ആനുകൂല്യം നിഷേധിക്കുന്നതായി കണ്ടുവരുന്നു.
എസ്.സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റും മറ്റു പ്രധാന രേഖകളും ഹാജരാക്കി കഴിയുമ്പോഴായിരിക്കും, ഒടുവില്‍ പെന്‍ഷന്‍ാകാരനെന്നോ എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരാണെന്നോ മുദ്രകുത്തി ഗ്രാമസേവകരായ ഉദ്യോഗസ്ഥര്‍ അവരുടെ അപേക്ഷ തള്ളിക്കളയുന്നു.
കൂടാതെ ഗ്രാമസഭകളെ രാഷ്ട്രീയവത്കരിക്കുന്നതും ആളുകള്‍ കുറയാന്‍ കാരണമാകുന്നുണ്ട്.
ഒരു സമൃദ്ധമായ സദ്യ നടത്തി ഗ്രാമസഭകളില്‍ ആളെക്കൂട്ടാമെന്ന തീരുമാനം ഉപേക്ഷിച്ച്, സര്‍ക്കാര്‍, എപിഎല്‍, ബിപിഎല്‍ എന്നു വേര്‍തിരിക്കാതെ ഗ്രാമസഭകളില്‍ മുന്‍കൂട്ടി കൃത്യമായി നോട്ടീസ് നല്‍കി വോട്ടര്‍മാരുടെ സാന്നിധ്യം വാര്‍ഡ് മെമ്പര്‍മാര്‍ ഉറപ്പു വരുത്തുന്നുണ്ടോയെന്നു നിരീക്ഷിക്കണം.
അതുകൊണ്ട് അപേക്ഷകളില്‍ ഗ്രാമസഭകളിലെ അന്തിമതീരുമാനത്തിനു പുറമേ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എപിഎല്‍, ബിപിഎല്‍ വേര്‍തിരിവ് കൂടാതെ ഒരന്വേഷണം നടത്തി അര്‍ഹരായവരെ തെരഞ്ഞെടുക്കണം.
(പി.കെ.നാരായണന്‍, വാലാച്ചിറ)