എന്തിനീ ധൂര്‍ത്ത്?
തിരുവനന്തപുരത്തും കൊല്ലത്തും നടന്ന വിപ്ലവ പാര്‍ട്ടികളുടെ സംസ്ഥാന സമ്മേളനങ്ങള്‍ക്ക് കോടികളാണ് ഒഴുക്കിയത്.
മുമ്പ് ഇത്തരം സമ്മേളനങ്ങളുടെ പ്രചാരണത്തിന് പ്രധാന കവലകളില്‍ മാത്രം അലങ്കാരങ്ങളും കൊടികളും ഉയര്‍ന്നിരുന്നു.
ഇന്നത് മാറി പടുകറ്റന്‍ ഫഌക്‌സ് ബോര്‍ഡുകളും റോഡിന്നിരുവശവും കവിഞ്ഞുകിടക്കുന്ന കമാനങ്ങളും ‘ഇഞ്ചിടവിട്ട്’ പടുത്തുയര്‍ത്തിയിരിക്കുന്നു.
ഈ പാര്‍ട്ടികളില്‍ അണി നിരന്നിട്ടുള്ള സാധാരണ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന പിരിവ് ഇത്തരം കമാനങ്ങളും ഫഌക്‌സ് ബോര്‍ഡുകളും സ്ഥാപിക്കാന്‍ മതിയാവില്ല എന്നുറപ്പ്.
മറിച്ച്, ആവശ്യമായ തുക വന്‍കിടക്കാരില്‍ നിന്ന് മസില്‍ പവര്‍ ഉപയോഗിച്ച് പിരിച്ചുണ്ടാക്കുന്നവയാണ്.
പരിസ്ഥിതിക്ക് ദോഷകരമായ ഫഌക്‌സ്, പ്ലാസ്റ്റിക്, തെര്‍മോകള്‍ പോലുള്ളവ ഉപയോഗിച്ചാണ് അനേകം ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള പ്രചാരണം.
പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്നവരാണ് ഇതൊക്കെ ചെയ്യുന്നതും.
ലളിത ജീവിതം നയിക്കണമെന്നൊക്കെ വിപ്ലവ പാര്‍ട്ടി നേതാക്കള്‍ ആഹ്വാനം ചെയ്യാറുണ്ട്.
എന്നാല്‍, എത്ര നേതാക്കള്‍ തങ്ങള്‍ ആഹ്വാനം ചെയ്യുംപോലെ ലളിത ജീവിതം നയിക്കുന്നുണ്ടെന്നൊന്നും ചോദിക്കരുത്.
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സമ്മേളനങ്ങള്‍ ആര്‍ഭാടപൂര്‍വ്വം നടത്തുകയല്ല വേണ്ടത്.
സാധാരണക്കാരന്റെ നീറുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും താല്പര്യം കാണിക്കുകയാണ് ചെയ്യേണ്ടത്.
(പുന്തലത്താഴം സുരേഷ് ബാബു, പാലോട്ടുകോണം, തിരുവനന്തപുരം)