ഇവിടെയടുത്ത് വേണ്ടപ്പെട്ട ഒരാളുടെ ചരമവാര്‍ത്തയറിഞ്ഞ് ഞാന്‍ ഏറെ ക്ലേശിച്ചിട്ടാണെങ്കിലും, ഒന്നു ചെന്നുകണ്ട് നമസ്‌കരിച്ചു.
ആ സമയം ചില്ലു കൂടിന്മേല്‍ കണ്ട ഈ വാക്കുകള്‍ ആ ചരമം പോലെതന്നെ എന്നില്‍ നടുക്കം ഉളവാക്കി.
MOBILE MORCHERY.
വീട്ടില്‍ വന്നപാടെ ഞാന്‍ കൈയിലുള്ള നിഘണ്ടുവെല്ലാം നോക്കി.
MORTUARY എന്നു തന്നെയാണ് സ്‌പെല്ലിങ്.
എന്റെ പരമഗുരുവായ ആശ്രാമം ശിവരാമസുബ്രഹ്മണ്യയ്യര്‍ ലണ്ടനില്‍ചെന്ന് ഗവേഷണ ബിരുദം സമ്പാദിച്ച ആദ്യത്തെ കേരളീയനാണ്.
ഇന്തോയൂറോപ്യന്‍ എന്ന വിചിത്ര സങ്കരത്തെപ്പറ്റി അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല.
പക്ഷെ, രണ്ടു പ്രാചീന സംസ്‌കൃതികളുടെ നാവുകളായ ഇന്തോ ജര്‍മാനിക്ക് ഭാഷകളേയും അവയുടെ ക്ലാസിക്കല്‍ ലക്ഷണങ്ങളേയും പറ്റി പഠിപ്പിച്ചുതന്നു.
നമ്മുടെ മൃത്യു തന്നെ അവരുടെ മോര്‍ത്ത്.
‘മോര്‍ത്ത് ദ ആര്‍തര്‍’ എന്ന പ്രാചീന കാവ്യഭാഗം പഠിപ്പിക്കുമ്പോള്‍, ‘ആര്‍തറുടെ വീരമൃത്യു’ എന്ന് പറഞ്ഞുതന്നു.
പ്രാചീന-മധ്യകാലീന-ആധുനിക-ആംഗലവും, ബയോവുള്‍ഫ് തൊട്ട് ബ്രൗണിങ് വരെയുള്ള കവിതയും അവിടുന്ന് പഠിപ്പിച്ചു.
മോര്‍ച്വറി എന്ന വാക്ക് മൃത്യുവിന് സമാങ്കമായ മോര്‍ത്തില്‍ നിന്നു പിറക്കുന്ന വിശേഷണമത്രെ.
നാമമായി പ്രയോഗിക്കുന്ന ഭാഷയുടെ അലകും പിടിയും മാറ്റുന്ന തിരക്കില്‍ ഇതൊന്നും വളച്ചൊടിക്കാന്‍ നമുക്ക് അധികാരമില്ല.
ഒന്നുകൂടി : സുനിബദ്ധമായ നാമരൂപങ്ങളും ക്രിയാരൂപങ്ങളും (സുബന്തങ്ങളും തിങന്തങ്ങളും) കൊണ്ട് വടിവാര്‍ന്നവയാണ് ക്ലാസിക്കല്‍ഭാഷകള്‍.
ആ ലക്ഷണം ഉണ്ടോ ഇല്ലയോ എന്നന്വേഷിക്കണം.
വേണമോ വേണ്ടയോ എന്ന് തര്‍ക്കിക്കുമ്പോള്‍ വേണ്ടാത്തിടത്ത് കണ്ണു ചെല്ലുന്നു.
പാശ്ചാത്യദേശത്തും വിവേകികള്‍ കുറവല്ലെന്നാണ് എന്റെ അനുഭവം.
അവര്‍ക്ക് ചിരിക്കാന്‍ ഇടവരാതിരിക്കട്ടെ!
(വിഷ്ണു നാരായണന്‍ നമ്പൂതിരി)










