സിപിഎം വല്ലാത്ത ധര്‍മ്മ സങ്കടത്തിലാണ്.
ആരേയും പുകഴ്ത്തനോ ഇകഴ്ത്താനോ വയ്യാത്ത അവസ്ഥ.
യേശു നല്ല പുള്ളിയാണെന്ന് പറഞ്ഞാല്‍ ക്രിസ്ത്യാനികള്‍ക്കും മനോരമയ്ക്കും കലിപ്പ്.
ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും സംസ്‌കാരത്തെ രാഷ്ട്രീയവത്കരിച്ചവരാണെന്നു പറഞ്ഞാല്‍ എസ്എന്‍ഡിപിക്കാരും എന്‍എസ്എസ്സുകാരും വെറുതെ വിടില്ല.
ക്രിസ്തു മനുഷ്യ നന്മയ്ക്കായി പോരാടി എന്നു പറഞ്ഞപ്പോള്‍ എന്തൊരു പുകിലായിരുന്നു.
ഹിന്ദുക്കളുടെയൊരു കുഴപ്പം, ദൈവങ്ങളേക്കാള്‍ കൂടുതല്‍ ആള്‍ദൈവങ്ങളാണ്.
ഇപ്പോള്‍ തിരുകേശവുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്.
തീപ്പെട്ടി ഉരച്ചാലോ, ബോംബിട്ടാലോ കത്താത്തതാണ് ഈ വിശിഷ്ട കേശം.
ഇങ്ങനൊരു കേശം ഉണ്ടോ?
എത്ര വിശിഷ്ടമാണെന്നു പറഞ്ഞാലും, സംഗതി രോമം തന്നെയല്ലേ?
വെറുതെ സിപിഎമ്മിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളായി കരുതാം ഇതൊക്കെ.
ചിലര്‍ പരിമിതമായ യുക്തിയെപ്പോലും പരിഹസിക്കുകയാണ്.
ഇതെല്ലാം ആസൂത്രിതമായ സിണ്ടിക്കേറ്റ് അജണ്ടയുടെ ഭാഗമാണെന്നും വിജയേട്ടന്‍ സംശയിക്കുന്നു.
തിരുകേശവുമായി മുസ്ലീങ്ങളും, മുടി നീട്ടി വളര്‍ത്തി പന്ന്യന്‍ രവീന്ദ്രനും, അത്താഴത്തെ വിവാദമാക്കി ക്രിസ്ത്യാനികളും ഇറങ്ങിയതോടെ, സിപിഎമ്മിന് ഒരു കാര്യം ബോധ്യമായി.
സമൂഹത്തിന്റെ ഇടതുപക്ഷ ആഭിമുഖ്യം തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്.
സംസ്ഥാന സമ്മേളനത്തിന്റെ ക്ഷീണം മാറി വീട്ടില്‍ പോയൊന്ന് വിശ്രമിച്ചു വന്നതോടെ, അടുത്ത പരിപാടിയുടെ സമയമായി.
സിപിഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സാണ് അടുത്ത കടമ്പ.
വാഗ്ഭടാനന്ദ ഗുരുവും കേരളീയ നവോത്ഥാനവും എന്നതാണ് പുതിയ വിഷയം.
വാഗ്ഭടാനന്ദനു വേണ്ടി രംഗത്തിറങ്ങാന്‍ അധികം ആളില്ലാത്തതിനാല്‍ എന്തും പറയാം.
സഖാവ് ഭഗാനന്ദന്‍ എന്നു പറഞ്ഞാലും തരക്കേടില്ല.
്അച്യുതാനനന്ദനേക്കാള്‍ വിശ്വസിക്കാന്‍ കൊള്ളാം.
ബംഗാളിലാണെങ്കില്‍, ചെങ്കൊടി താഴ്ത്തിക്കെട്ടാന്‍ ഒരു ശക്തിക്കും ആകില്ലെന്നാണ് കാരാട്ട് പറയുന്നത്.
അവിടെ തിരുമുടിയും ഇരുമുടിയും ഒന്നും പ്രശ്‌നമല്ല.
ഇടതുമുന്നണിയെ വെറുതെ തെറ്റിദ്ധരിച്ച് പുറത്തുപോയ ഗിരിയെ കൊണ്ടുവരാനാണ് അവിടെ ശ്രമം നടത്തുന്നത്.
അതിനായി നിരന്തരം ജനസമ്പര്‍ക്കം നടത്താനാണ് തീരുമാനം.
ഇവിടെ നേരെ മറിച്ചാണ്.
വിജയന്‍ ആരുടെയെങ്കിലും മുഖത്തുനോക്കി കുലംകുത്തിയെന്നു വിളിച്ചാല്‍ അതിനര്‍ത്ഥം അവന്റെ കഥ കഴിഞ്ഞു എന്നു തന്നെയാണ്.
ഈ പൂജാമുറികളില്‍ നിന്ന് ആള്‍ദൈവങ്ങളെ പുറത്താക്കണം.
വിജയേട്ടന്റെ വിഗ്രഹങ്ങളും ചിത്രങ്ങളും ഏതൊക്കെ പൂജാമുറിയില്‍ ഉണ്ടാകുമോ ആവോ?
(പൊളിച്ചെഴുത്ത് : അനില്‍ വള്ളിക്കോട്)










