വടയക്ഷിയെ മാലാഖയാക്കാന്‍ കഴിയാത്തപോലെ സിപിഎമ്മിനെ നന്നാക്കാനും കഴിയില്ല.
അത്രയ്ക്കു പിഴച്ചുപോയി.
അതിലൊക്കെ മനംനൊന്താണ് ജോര്‍ജ് പാര്‍ട്ടി വിട്ടത്.
ചെന്നു പെട്ടതാണെങ്കില്‍ മാലാഖമാരുടെ സമ്മേളന സ്ഥലത്തും.
ഹൃദയത്തില്‍ ജ്വാലയും കാലില്‍ ചിറകുമുള്ള വിശുദ്ധനാണ് പി.സി.ജോര്‍ജ്.
അത്തരക്കാര്‍ക്ക് പറ്റിയ ഇടമല്ല സിപിഎം.
മതവികാരം ചൂഷണം ചെയ്ത് വിജയിക്കാനുള്ള നയമാണ് പിണറായി പിറവത്ത് പയറ്റുന്നതു പോലും.
വികാരം ചൂഷണം ചെയ്യുന്നത് കോണ്‍ഗ്രസ്സുകാരും കേരളാ കോണ്‍ഗ്രസ്സുകാരും ആണ് ജോര്‍ജേ…
അങ്ങനെ ചൂഷണം ചെയ്യണമെങ്കില്‍ നികൃഷ്ട ജീവിയെന്നും മറ്റും മെത്രാന്മാരെ വിളിക്കുമോ?
പുണ്യാത്മാവേ അനുഗ്രഹിച്ചാലും എന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കന്മാരെപ്പോലെ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചേനെ.
കാന്തപുരമല്ല, ഏതു മുസലിയാരു പറഞ്ഞാലും തിരുകേശമെന്ന സാധനത്തെപ്പറ്റി പച്ചയ്ക്ക് പറയാനുള്ളത് പറഞ്ഞില്ലേ?
കോണ്‍ഗ്രസ്സുകാര്‍ അതേറ്റെടുത്ത് വികാരം ചുട്ടുതിന്നാന്‍ തുടങ്ങിയതോടെ പിണറായി ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു, മുടിയായാലും, നഖമായാലും, ശരീരത്തില്‍ നിന്നടര്‍ത്തി മാറ്റിയാല്‍ വെറും മാലിന്യം മാത്രമാണ്.
ഇതൊക്കെയാണ് മതവികാരം ചൂഷണം ചെയ്തതായി പി.സി.ജോര്‍ജ് വ്യാഖ്യാനിക്കുന്നത്.
പല്ലുപോയ നായ മടലിനിട്ടു കടിക്കുംപോലെ ആഴ്ചയില്‍ ഒന്നും രണ്ടും പ്രസ്താവനകളുമായി ജോര്‍ജ് ഇറങ്ങും.
ഉള്ള സമയംകൊണ്ട് പിറവത്തേക്കു വിടുന്നതാണ് നല്ലത്.
ചൂഷണം ചെയ്‌തോ, കൈ മുത്തിയോ കാര്യം സാധിക്കാം.
ആകെയുള്ള വിപ്പുകളി പോയാല്‍ പിന്നെ വയ്പു പണിയെടുത്ത് ജീവിക്കേണ്ടി വരും.
ഇല്ലാത്തത് ആരെപ്പറ്റിയാലും പറഞ്ഞു നടക്കരുത് മിസ്റ്റര്‍ ജോര്‍ജ്.
തിരുമുടി കത്തിക്കുമെന്ന് സഖാവ് പറഞ്ഞിട്ടില്ല.
കത്തിച്ചാല്‍ കത്താത്തതായി ഒന്നുമില്ലെന്നേ പറഞ്ഞിട്ടുള്ളു.
ഓള്‍ ഇന്ത്യ കാത്തലിക് അഡ്വക്കേറ്റ് അസോസിയേഷന്റെ യോഗത്തിലാണ് പി.സി.ജോര്‍ജ് സിപിഎമ്മിനെ വടയക്ഷിയാക്കിയത്.
കര്‍ത്താവേ, കത്തോലിക്കാ വക്കീലന്മാര്‍ക്കും അസോസിയേഷനോ?
വക്കാലത്ത് പക്ഷെ, ആരു കൊടുത്താലും എടുക്കും.
കത്തോലിക്കക്കാര്‍ കനിഞ്ഞാലേ, പിറവം കടക്കൂ.
താങ്ങാവുന്നത്രയും താങ്ങുക.
ഒപ്പം പിണറായിക്കിട്ടും താങ്ങുക.
(പൊളിച്ചെഴുത്ത് : അനില്‍ വള്ളിക്കോട്)










