ഒന്നുകില്‍ തള്ള അല്ലെങ്കില്‍ കുഞ്ഞ് എന്നതാണ് അവസ്ഥ.
ഇറ്റലിയില്‍ നിന്നു വന്ന വെടിവച്ച പുള്ളികളെ രക്ഷിക്കാന്‍ ഇറ്റാലിയന്‍ വിദേശ മന്ത്രി എടുത്തു പയറ്റുന്നതും പിറവം ഉപതെരഞ്ഞെടുപ്പാണ്.
കേരളം പ്രശ്‌നം രൂക്ഷമാക്കുന്നത് ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് മന്ത്രി പറയുന്നത്.
മുല്ലപ്പെരിയാറില്‍ മുതലക്കണ്ണീര് വീണപ്പോള്‍ ചിദംബരം പരിഹസിച്ചതും പിറവത്തിന്റെ പേരു പറഞ്ഞാണ്.
കേരളത്തിനു വേണ്ടി സംസാരിക്കാന്‍ ഒരു തിരുമേനിയും ഇല്ലാത്ത അവസ്ഥ.
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പോലും ഇറ്റലിക്കു വേണ്ടി വാദിക്കുന്നു.
വത്തിക്കാനില്‍ നിന്നുള്ള പ്രത്യേക സന്ദേശം ആലഞ്ചേരി സകല കത്തോലിക്കാ നേതാക്കന്മാര്‍ക്കുമായി നല്‍കി കഴിഞ്ഞു.
ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം മുറിയാതെ നോക്കാന്‍ ആലഞ്ചേരി തമ്പ്രാനെ ആരാണാവോ ചുമതലപ്പെടുത്തിയിരിക്കുന്നത്?
ഇറ്റലിക്കാരി സോണിയാ ഗാന്ധിക്കു പോലുമില്ലാത്ത നയതന്ത്ര വേവലാതിയാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കുള്ളത്.
എല്ലാ ദിവ്യന്മാര്‍ക്കും തുപ്പാനുള്ള കോളാമ്പിയാണിന്ന് കേരളം.
കോടതിയിലെത്തിയ ഒരു കേസില്‍ തിടുക്കത്തില്‍ നടപടിയെടുക്കണമെന്ന് പറയാന്‍ മാര്‍ ആലഞ്ചേരിയാണോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി?
കര്‍ത്താവ് കടല്‍ വെള്ളത്തിനു മീതെ നടന്നിട്ടുണ്ടാകാം.
വെള്ളം വീഞ്ഞാക്കിയിട്ടുമുണ്ടാകാം.
എന്നു കരുതി ഒരു കത്തോലിക്കനും വെള്ളം വീഞ്ഞാക്കിയിട്ടില്ല.
വീഞ്ഞെടുത്ത് വെള്ളം ചേര്‍ക്കാതെ വലിച്ചിട്ടുണ്ടാകും.
സകല കത്തോലിക്കാ മന്ത്രിമാര്‍ക്കും കര്‍ദ്ദിനാള്‍ റോമിലിരുന്ന് ഇ-മെയില്‍ അയച്ചു.
കരിമണലിന്റെ നാട്ടിലെ കത്തോലിക്കനായ ഷിബു ബേബി ജോണ്‍ സന്ദേശം കിട്ടിയതായി പറയുന്നില്ല.
ആരു പറഞ്ഞാലും കേള്‍ക്കേണ്ട അവസ്ഥയിലാണിന്ന് ഉമ്മന്‍ ചാണ്ടി.
പിറവം കടന്നു കൂടണമെങ്കില്‍ എത്ര പേരുടെ കാലു കഴുകി വെള്ളം കുടിച്ചാല്‍ പറ്റും?
കടലിനുള്ളില്‍ കേരളത്തിന് അധികാരമുള്ള നോട്ടിക്കല്‍ മൈല്‍ വരെ തീരുമാനിക്കുന്നത് ആലഞ്ചേരിയും അങ്ങേരുടെ സഭയുമാണ്.
കണ്ടവന്റെ വെടിയേറ്റു മരിച്ച പാവം മത്സ്യത്തൊഴിലാളികളേക്കാള്‍ ആലഞ്ചേരിപ്പിതാവിന് വേണ്ടപ്പെട്ടവരാകുന്നു ഇറ്റാലിയന്‍ മറൈനുകള്‍.
യേശുവിലാണ് വിശ്വാസം, കീശയിലാണ് ആശ്വാസം എന്നതാണ് പുതിയ സങ്കീര്‍ത്തനം.
(പൊളിച്ചെഴുത്ത് : അനില്‍ വള്ളിക്കോട്)










